ഏപ്രിൽ 29
നമ്മുടെ അഭിമാനത്തിന്
നാൽപത്തി എട്ടാം പിറന്നാൾ.
നാളെ നമുക്ക് ആഘോഷിക്കുക
തന്നെ വേണം.
അതിജീവനത്തിന്റെ ആയിരം സമരതെരുവുകൾ അതിജയിച്ച് വന്നവരാണ് നമ്മൾ.
പോരാട്ടത്തിന്റെ ചൂടും ചൂരും
പുനർ നിർവ്വചിച്ച്
ചെറുത്തു നിൽപിന്റെ നെറിയുള്ള ബദലുകൾ സൃഷ്ടിക്കുകയായിരുന്നു നമ്മൾ.
ധാർമികത പ്രമാണം പിടിച്ചവർ നമ്മൾ.
നൈതിക വിചാരങ്ങൾ കൊണ്ട് പോർമുഖങ്ങൾ അടയാളപ്പെടുത്തിയത് നമ്മൾ.
ആരാന്റെ ബോധ്യങ്ങളെ നിലപാടായി സ്വീകരിച്ച് ഊരയൊടിഞ്ഞ് കിടന്ന സമുദായ സ്വത്വത്തെ
ആദർശ ചിന്തകൾക്ക് മേൽ നിവർന്ന് നിൽക്കാൻ പഠിപ്പിച്ചത് നമ്മൾ.
കെട്ടുകാഴ്ചകളിൽ
മതിമറന്നഭരിമിച്ച കാമ്പസ് യൗവ്വനങ്ങളെ തീഷ്ണ വിചാരങ്ങളുടെ തീച്ചൂളകളിൽ
പൊള്ളിച്ചെടുത്തതും
നമ്മൾ എസ്.എസ്.എഫ്.
എസ്.എസ്.എഫുകാരന്
ചുറ്റുപാടുകളോട് കടപ്പാടുണ്ടായിരുന്നു.
വീടും കുടുംബവും സമൂഹവും പ്രകൃതിയുമെല്ലാം അവന്റെ വിചാരങ്ങളിൽ അലിഞ്ഞു ചേർന്നു.
നേരിന്റെ പക്ഷം പുതിയ ലോകം പണിയുകയെന്ന
വലിയ സ്വപ്നത്തെ അവർ ജയിക്കുക തന്നെ ചെയ്യും.
ഏപ്രിൽ 29
പുതിയ പ്രഭാതം.
പതിവിലപ്പുറം തെളിച്ചമുണ്ടാവും
ഉദയകിരണങ്ങൾക്ക്.
നിറസ്വപ്നങ്ങളുടെ സുവർണ്ണരാജികൾ
കൂട്ടം കൂട്ടമായി പെയ്തിറങ്ങും.
അതിരുകൾ പൊളിഞ്ഞു വീഴുന്ന നിത്യ സൗന്ദര്യങ്ങളുടെ തുറവികൾ തേടി
പോരാളികൾ പിടഞ്ഞെഴുന്നേൽക്കും.
ആനന്ദത്തിന്റെ അശ്രുകണങ്ങളാൽ
പടച്ച റബ്ബിന്റെ സവിധം
വിനീതവിധേയരായവരുടെ
ശിരസ് കുനിയും.
رببنا لك الحمد.......
നാളെ,
ധാർമ പോരാളികൾക്ക്
പെരുന്നാളാണ്.
അനിർവ്വചനീയമായ നിത്യസത്യങ്ങളുടെ ലോകത്തെ പ്രണയിച്ചു തുടങ്ങിയവർക്ക്,
അതിജയിക്കാനാവാത്ത
ആനന്ദലഹരിയായി
സ്വർഗം സ്വപ്നത്തിലലിഞ്ഞു പോയവർക്ക്
നാളെ പെരുന്നാളാണ്.
ആ സ്വപ്നത്തിന്റെ മോഹക്കാഴ്ചകളിൽ വിലയം പൂണ്ടതോടെയാണ്
നെറികേടുകൾക്ക് മുന്നിൽ
നിവർന്ന് നിന്ന് നന്മയുടെ ഭാഗം പറയാനവർ
തെരുവുകളിൽ തീച്ചൂട് കൊണ്ടത്,
കണ്ഠമിടറി ഒച്ച വെച്ചത്, ചോരക്കൈകളിൽ ചുടുപശതേച്ച് ചുമരുകളിൽ ആശയം പതിച്ചത്,
ഊണും ഉറക്കവും മറന്ന്
അവരതിലൊരവനായലിഞ്ഞലിഞ്ഞലിഞ്ഞുറച്ചു പോയത്.
സ്വർഗം തന്നെ ലക്ഷ്യം പ്രിയരെ,
നിതാന്തമായി പൊരുതുക.
പുതിയ കരങ്ങൾ കൂട്ടിപ്പിടിച്ച്
നിത്യശാന്തിയിലേക്ക്
കൂട്ടമായൊഴുകുക.
ജയഭേരി മുഴങ്ങട്ടെ.
ലോക് ഡൗൺ അതിരുകൾക്കുള്ളിൽ നിന്ന് തന്നെ മനസ്സൊരുക്കത്തിന്റെ മഹാപ്രയാണത്തിന് ,
എസ്.എസ്.എഫുകാരുടെ
അപാരമായ അതിജീവനക്കരുത്തിന് കേരളം നാളെ സാക്ഷിയാവും
ഒരേ മനസോടെ ഒരേ വികാരത്തോടെ
വരിക
അഭിവാദ്യങ്ങൾ,
ധാർമിക വിപ്ലവം സിന്ദാബാദ്
എ.പി.മുഹമ്മദ് അശ്ഹർ
SSF Kerala




0 Comments