ധൈഷണിക വിദ്യാർത്ഥിത്വത്തിന്റെ പ്രതിനിധാനമായി,  
സർഗാത്മക യൗവ്വനത്തിന്റെ അടയാളപ്പെടുത്തലായി, 
നീതിയുടെ ഉറച്ച ശബ്ദമായി.,  വർത്തമാന ഉപഭോഗങ്ങളിൽ മുഴക്കമുള്ള ഈ ശബ്ദം കേട്ടുതുടങ്ങിയിട്ട് നാല്പത്തിയേഴ് വർഷം പിന്നിടുന്നു. 

പതിതരും, പരിക്ഷീണരുമായ ഒരു സമൂഹത്തിന് ദിശാബോധം നൽകി എന്നതാണ് തിരിഞ്ഞു നോക്കുമ്പോഴുള്ള സംതൃപ്തി. വിദ്യാഭ്യാസത്തെയും, അവസരങ്ങളെയും കുറിച്ച് അധികമൊന്നും അറിയാതിരുന്നൊരു തലമുറക്ക് നേർപദം  കാണിക്കാനായിയെന്നത് ചാരിതാർത്ഥ്യം. യഥാർത്ഥ രാഷ്ട്രീയം എന്താണെന്നും നേരിന്റെ രാഷ്ട്രീയം  എങ്ങിനെയെന്നും, പഠിപ്പിക്കാനും പ്രയോഗിക്കാനും സാധിച്ചുവെന്നത് പ്രത്യേകത. 

ചുറ്റിലും തിന്മപെയ്യുമ്പോൾ മൂടിപ്പുതച്ചുറങ്ങാൻ സാധിക്കാത്തവിധം, തെരുവുകൾ കത്തുമ്പോൾ  മൗനമായിരിക്കാൻ കഴിയാത്ത മട്ടിൽ വിദ്യാർത്ഥിത്വത്തെ എസ് എസ് എഫ് സമര സജ്ജമാക്കി നിർത്തുകയായിരുന്നു. സമരങ്ങൾക്ക് പുതിയ നിർവചനമെഴുതി സംഹാരത്തിന് പകരം നിർമാണത്തിന്റെ പുതിയ ആഖ്യാനമൊരുക്കുകയായിരുന്നു. ഭരണകൂട ഭീകരതക്ക് ഇരകളാക്കപ്പെടുന്നവർ അരക്ഷിതത്വത്തിനും, അപകർഷതാ  ബോധത്തിനും, അടിമപ്പെടാതിരിക്കാൻ ആത്മധൈര്യം പകർന്നു നൽകുകയായിരുന്നു. 


ഭരണകൂട നയങ്ങളെ വിചാരണ ചെയ്യാൻ, പ്രതിരോധിക്കാൻ, മാറ്റി നിർത്തപെട്ടവർക്ക് തുണയും തണി യുമാകാൻ,  
വിദ്യാഭ്യാസരംഗത്തെ  അനുചിതവും അനഭിലഷണീയവുമായ പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ എസ് എസ് എഫ് ഇനിയും മുന്നിലുണ്ടാകും. സാമൂഹിക തിന്മകളുടെ വ്യാപനത്തിനും അരാഷ്ട്രീയതയുടെ അപചയങ്ങൾക്കുമെതിരെ  നിവാരണ ശ്രമങ്ങൾ തുടരും. 

വൈജ്ഞാനിക വിനിമയങ്ങൾ വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കേണ്ടതുണ്ട്, വിപണിയുടെ പ്രലോഭനങ്ങളെ നമുക്ക്  അതിജയിക്കേണ്ടതുണ്ട്, മുതലാളിത്തത്തിന്റെ,  നവലിബറലിസത്തിന്റ ചതികളെ സമർത്ഥമായി ചെറുക്കേണ്ടതുമുണ്ട്. നനവും നന്മയുമുള്ള രാഷ്ട്രീയത്തെ പുനഃസ്ഥാപിക്കണം. ജാഗ്രതയോടെ ജനാധിപത്യത്തിന് കാവലിരിക്കണം. നവജനാധിപത്യ പ്രസ്ഥാനങ്ങൾ, ദളിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കൊപ്പം ചേർന്ന് ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ അന്വേഷിക്കണം. നവ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരണം. 
മുസ്ലിമാവുക വെല്ലുവിളിയായി മാറിയ കാലത്ത് ഇസ്ലാമിക സ്വത്വം അഭിമാനത്തോടെ, ആത്മ വിശ്വാസത്തോടെ ഉയർത്തി പിടിച്ചു തന്നെ നമുക്ക് മുന്നേറണം  പുരോഗതി യുടെ പുതിയ ആകാശങ്ങൾ നമുക്ക് കീഴടക്കാനുണ്ട്. ധർമ ധ്വജം  നെഞ്ചേറ്റുക. ധാർമിക വിപ്ലവം വിജയിക്കട്ടെ !
@SSF_KERALA